Saturday, 2 July 2011

ശ്രീ പപ്പനാവാ നിനക്കിട്ടും പാര!


ശ്രി പത്മനാഭന്‌റെ നാലു ചക്രം കിട്ടാന്‍ പണ്ടുള്ളോരു പെട്ട പാട് ഓര്‍ത്താല്‍ പെറ്റ തള്ള സഹിക്കൂല... അക്കാലമൊക്കെ പോയ്...മുട്ടേന്നു വിരിയുന്ന പിള്ളേര് ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന കാലമാണിത്.ഇവിടെ കഥ അതൊന്നുമല്ല.അനന്തപുരിയിലെ അറകള്‍ തുറന്നപ്പോള്‍ കിട്ടിയ എമണ്ടന്‍ നിധിശേഖരത്തെ കുറിച്ച് കിനാവ് കണ്ടാണ് കണ്ടവന്‍മാരൊക്ക ഇപ്പോ നേരം വെളുപ്പിക്കുന്നത്. 

   വേട്ടയാടലും അധികാരപ്രമത്തതയും കൂടെ അരക്കഴഞ്ച് കാരുണ്യവും ഒത്തിണങ്ങിയ രാജവംശത്തിന്‌റെ ശിഷ്ടം വന്ന വംശാവലിയിലെ ഒരു നൂറ് തമുറയ്‌ക്കെങ്കിലും സ്വര്‍ണത്തേരില്‍ ഉരുളാനുള്ള ഉരുപ്പടിയാണ് ഇപ്പോ വാരി വലിച്ചു പുറത്തിട്ടിരിക്കുന്നത്. ഇതൊക്കെ ഇനി ഏവനു ഫലപ്പെടുമെന്ന് ആദരവായ കോടതി അരുളണം. സിപിഎം പോളിറ്റ് ബ്യുറോ റിപ്പോര്‍ട്ട് ചെയ്യുംപോലെ അത്രയെളുപ്പത്തില്‍ ഇ പണ്ടാര വകയുടെ തോതും വലിപ്പവും കണക്കു കൂട്ടാനാവതെ വിഷമിക്കുന്ന ന്യുസ് അവറുകാരുടെ വിഷമം കൂടെ നാം കാണണം.
   ഇക്കണ്ട സ്വര്‍ണപ്പടിവാര്‍ത്തകളൊക്കെ ഉണ്ടാവുന്നതിനും മുന്‍പ് രാജവംശത്തിന്‌റെ തിരുമൂക്കായി വാണരുളിയിരുന്ന സര്‍ സിപിയെ ഇന്നേരം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ... തനിക്കിരിക്കാന്‍, തനിച്ചിരിക്കാനൊരു സാമ്രാജ്യം സ്വപ്‌നം കണ്ട സിപി അന്നതൊക്കെ പറഞ്ഞത് ഇന്നു മന്‍മോഹന്‍ പോലും കൊതിക്കും ഈ ഉരുപ്പടിയൊക്കെ മനസ്സില്‍ വച്ചിട്ടാവാമെന്ന് അടിയനു തോന്നിയതില്‍ കുറ്റം പറയരുത്.
  ഇതിപ്പോള്‍ വെറുമൊരു സ്വര്‍ണപ്രശ്‌നം മാത്രമല്ലാതാകുന്നത് രാജാധികാരരവും നടപ്പുജനാധിപത്യവും തമ്മില്‍ ഒരു സമ്മന്തം കൂടി ഉള്ളതുകൊണ്ടാണ്. സിപി ഓടി പിന്നെ ഇന്ത്യാമഹാരാജ്യത്തിനു വഴങ്ങി തിരുവിതാംകൂര്‍ കേരളമായി വളര്‍ന്നെങ്കിലും ഇക്കൊച്ചു രാജ്യത്തോടും കിരീടമില്ലാത്ത രാജ്യത്തോടും തിരോന്തോരുത്തുകാര്‍ക്കു നിര്‍വ്യാജമായ ഒരു റെസ്‌പെക്ട് കിടപ്പുണ്ട്. അതിനാലേത്രേ കോട്ടാരക്കെട്ടിനകത്തെ വക്കാണം കോടതിയിലെത്തിയിട്ടും ജനം കണ്ടഭാവം നടിക്കാതിരുന്നത്. എന്തായാലും അറകള്‍ ഒന്നൊന്നായി വലിച്ചു പുറത്തിടുമ്പോള്‍ മലയാളിയുടെ കുശുമ്പ് കൂടെ പുറത്തുചാടുന്നു. അറയുടെ പൊന്നുംവില പത്രത്തില്‍ വായിച്ചും ചാനലുകളില്‍ കണ്ടും കൊതി വിട്ട ചിലരുടെ കമന്‌റുകള്‍ കൂടി.

ഒന്ന്- ഇവന്‍മാര്‍ക്കിത് കേസും വഴക്കുമില്ലാതെ പകുത്ത് എടുത്തുടാരുന്നോ

രണ്ട്- ദൈവമേ ആ കണക്കെടുപ്പ് സംഘത്തില്‍ ഒരു പണി കിട്ടിയിരുന്നെങ്കില്‍

മൂന്ന്- നിധി അളക്കുന്നവന്‍മാര് കുറച്ച് അമുക്കിക്കാണും, ചക്കരക്കൊടത്തില്‍ കയ്യിട്ടാല്‍ നക്കാത്തവരുണ്ടോ..

നാല്- സായിപ്പിനെ പറ്റിക്കാന്‍ ഒളിപ്പിച്ചത് പൊന്നുതമ്പുരാനേ അതിനേക്കാള്‍ വലിയ കാട്ടുകള്ളന്‍മാര്‍ക്കാണല്ലോ നീ വച്ചത്

അഞ്ച്- അല്ലെങ്കില്‍ തന്നെ സ്വസ്ഥത ഇല്ലാത്ത ആ ചാണ്ടിച്ചായന്‍ ഇനി എന്നാ ചെയ്യുവാവോ..

ആറ്- അല്ലേലും എറിയാന്‍ അറിയുന്നോന്‌റെ കയ്യില്‍ ദൈവം കോല് കൊടുക്കത്തില്ലല്ലോ....ഹും.....!

No comments:

Post a Comment