Saturday, 2 July 2011

പി ശശിക്കൊരു സിന്ദാബാദ്!അങ്ങനെ പി.ശശിയും സിപിഎമ്മിന് പുറത്തായി. കേരളരാഷ്ട്രീയം ഒന്നുലയേണ്ടതായിരുന്നു, ഉലച്ചില്‍ പോയിട്ട് ഒരു ഉലക്കയും സംഭവിച്ചില്ല. ശശി പോലും ഇത്രയോ ഉള്ളോയെന്ന് പ്രതികരിച്ച് ചോന്നകൊടി കൊണ്ടു തലമറച്ച് പാര്‍ട്ടിക്കു പിറകില്‍ ഒളിച്ചു നില്‍ക്കുന്നു.
    അല്ലാ, ആരായിരുന്നു ഈ ശശി...? തൊണ്ണൂറുകളില്‍ സഖാവ് നായനാര്‍ കേരളം ഭരിക്കുമ്പോള്‍ ആ ആപ്പീസ് കയ്യാളിയിരുന്നത് ഈ സഖാവിന്‌റെ കനപ്പെട്ട കൈകളാണെന്നു പറയുന്ന പിന്തിരിപ്പന്‍മാരുണ്ട്. എന്നാല്‍
കുലംകുത്തികളും നയവ്യതിയാനക്കാരും കണ്ട പോക്കണംകേടൊക്കെ ഉണ്ടാക്കിയപ്പോള്‍ മ്മടെ കണ്ണൂരില് പാര്‍ട്ടിയെ മുന്നില്‍ നിന്നു നയിച്ച സഖാവാണെന്ന കാര്യത്തില്‍ ഒരു പിബിയും പുനരാലോചനയ്ക്കു വരില്ല.
     പിന്നെവിടെയാണ് പിഴച്ചത്. എന്തുകൊണ്ടാണ് ഈ സഖാവിനെ നിങ്ങള്‍ എക്‌സിറ്റ് അടിച്ചുവിട്ടത്. അറിയാമല്ലോ, രാഘവന്‍, ഗൗരിയമ്മ, ചെറിയാന്‍, അപ്പുക്കുട്ടന്‍ തുടങ്ങി എം.ആര്‍. മുരളി വരെയുള്ളവര്‍ പുറത്തേക്കു പോയ നാളുകള്‍, അതിന്‌റെ അലകള്‍...അതൊന്നും മ്മടെ ശശി സഖാവിന്‌റെ കാര്യത്തില്‍ ഇല്ലാതെ പോയതെന്തേ...സസ്‌പെന്‍ഷന്‍ മതിയെന്ന സെക്രട്ടേറിയേറ്റ്വാശിയെ കണ്ണൂരിലെ സഖാക്കള്‍ തന്നെ എതിര്‍ത്തു തോല്‍പിച്ചതെന്തേ... ഇങ്ങനെ ചില ചോദ്യങ്ങള്‍ ഏതെങ്കിലും വിവരദോഷികള്‍ ചോദിച്ചാല്‍ പൊന്ന്യത്തെയും ചൊകഌയിലെയും ചമ്മണാംപന്തിയിലെയും പാവം ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്തു മറുപടി പറയും....പോട്ടെ....രോഗപീഡകള്‍ അലട്ടിയ ഒരു സഖാവിന് അവധി അനുവദിച്ചിട്ട് ഒടുവില്‍ പടിയടച്ചു പിണ്ഡം വയ്ക്കുകയോ... ഒന്നു മുള്ളാനിരിക്കുന്നതിലും വേണ്ടേ ഒരു നുള്ള് യുക്തി.
    എം.വി. രാഘവനെ പുറത്താക്കിയ നാളുകളില്‍ രാഘവനെതിരെ അലറിവിളിച്ച വിഎസ് പോലും ഒരിടത്തും രാഘവന്‌റെ വ്യക്തിജീവിതത്തെ തൊട്ടില്ല. ഇവിടെ പുറത്താക്കാന്‍ അച്ചാരം കൊടുത്ത വല്യാമ്മാവന്‌റെ ഗമയിലാണ് വിഎസിന്‌റെ ഗംഭീരന്‍ പ്രകടനം.... പുറത്തായ ശശിയോ അകത്തുള്ള സഖാക്കളോ ഉശിരുള്ളവരെന്ന് അറിയാന്‍ ഒരു പാര്‍ട്ടിസമ്മേളനം കൂടി ദാ പടിക്കല്‍ വന്നു നില്‍പ്പുണ്ട്...ബക്കറ്റില്‍ തുട്ടിട്ട് സ്വീകരിച്ചാലും....

1 comment:

 1. എഴുത്തു ഉഷാറാക്കി...!!!
  ഇതെന്തുകൊണ്ടെന്നു മനസ്സിലാക്കാന്‍ എഴുതിയതു തന്നെ വിശകലനം ചെയ്യാം
  കോണ്‍ഗ്രസ്സല്ലല്ലോ പി. ശശി ഉണ്ടായിരുന്ന പാര്‍ട്ടി
  സി.പി.എമ്മല്ലെ.!
  പാര്‍ട്ടിസംഹിതകള്‍ ലംഘിച്ചാല്‍ ഏതു വല്ല്യപ്പനും വീഴും ഗോള്‍ കോര്‍ട്ടിനും പുറത്ത്.
  പിന്നെ കളി പുറത്ത് മതി. അത്രേയുള്ളു ഈ 'മുള്ളിയതിന്റെ' യുകതി.!
  പാര്‍ട്ടിസമ്മേളനങ്ങള്‍ എന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തിയിട്ടേയുള്ളു.
  കാണാം....:) ബക്കറ്റുമായി ഖതറുകാരുടെ പ്ലാറ്റഫോം മാര്‍ച്ച്!
  ചാണ്ടിച്ചായന്‍ പറയണപോലെ.... സാതാര്യമായി ഓണ്‍ലൈന്‍ ക്യാമറയില്‍.....:)

  By the way, You are very brilliant in writing political satires!! congrats

  ReplyDelete